അഹ്ലുസ്സുന്നയുടെ പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനായ ഇമാം ബര്‍ബഹാരി (റ) പറയുന്നു: “അറിയുക, തീര്‍ച്ചയായും ഇസ്ലാമാകുന്നു നബിചര്യ; നബിചര്യയാകുന്നു ഇസ്ലാം. ഒന്ന് മറ്റൊന്നില്ലാതെ നിലനില്‍ക്കുകയില്ല. തീര്‍ച്ചയായും സംഘത്തോടൊപ്പം (ജമാഅ) നില്‍ക്കല്‍ നബിചര്യയില്‍ പെട്ടതാകുന്നു. ആരെങ്കിലും സംഘത്തെ (ജമാഅയെ) വെറുക്കുകയും അതില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്‌താല്‍ ഇസ്ലാമെന്ന വസ്ത്രത്തെ കഴുത്തില്‍ നിന്നും അഴിച്ചുവെച്ചിരിക്കുന്നു; വഴിപിഴച്ചവനും വഴിപിഴപ്പിക്കുന്നവനും ആയിത്തീരുന്നു. എന്നാല്‍ ആ സംഘം കെട്ടിപ്പടുക്കേണ്ടതിന്റെ അടിത്തറ സ്വഹാബത്താണ്; അവരാണ് ‘അഹ്ലുസ്സുന്ന-വല്‍-ജമാഅ’. ആകയാല്‍ അവരില്‍ നിന്നും ആരെങ്കിലും സ്വീകരിക്കാത്ത പക്ഷം അവന്‍ വഴി പിഴച്ചവനും ബിദ്അത്തുകാരനും ആയിത്തീരുന്നു. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു; വഴികേടും അതിന്റെ ആളുകളും നരകത്തിലാണ് ” – [ശറഹുസ്സുന്ന- ഇമാം ബര്‍ബഹാരി]
അല്‍-ജമാഅ അഥവാ സംഘമെന്നത് ഏതെങ്കിലും സംഘടനയോ, കക്ഷിയോ അല്ല; മറിച്ച് സ്വഹാബത്ത് നിലകൊണ്ട മാര്‍ഗമാണ്. ഈ രക്ഷാമാര്‍ഗത്തില്‍ അഥവാ അല്‍-ജമാഅയില്‍ ഉള്‍പ്പെടാനായി, സലഫിയ്യത്തിനെ സ്നേഹിക്കുകയും പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടമാണ് ഈ സൈറ്റിന്റെ അണിയറയില്‍. അഹ്ലുസ്സുന്നഃവല്‍ജമാഅയുടെ ആദര്‍ശത്തിലേക്കാണ് ഈ വെബ്സൈറ്റ് അണിചേരുന്നത്. അത്തരം വിവിധ കൂട്ടായ്മകളുടെ വീക്ഷണവ്യത്യാസങ്ങളിലെ ബഹുസ്വരതകള്‍ക്ക് പുറകെ പോവാതെ, അവരുടെ വിജ്ഞാനവേദികളില്‍ നിന്ന് ഖുര്‍ആനിലും സുന്നത്തിലും സച്ചരിതരായ സലഫിന്‍റെ മാര്‍ഗത്തിലും പ്രാമാണികമായ അറിവ് ശേഖരിക്കുക എന്നതാണ് ഈ സൈറ്റിന്റെ ലക്‌ഷ്യം. അപ്രകാരം മലയാളഭാഷയില്‍ ലഭ്യമായ പ്രബോധന പഠന പ്രഭാഷണങ്ങള്‍ സമാഹരിക്കുന്ന ഓണ്‍ലൈന്‍ ഓഡിയോ പോര്‍ട്ടല്‍ ആണ് ഇ-ദഅ്‍വ.നെറ്റ്
പ്രഭാഷണങ്ങളില്‍ തെറ്റുകളോ അബദ്ധങ്ങളോ കണ്ടെത്തിയാല്‍ ഗുണകാംക്ഷയോടെ അറിയിക്കണം എന്ന് ഉണര്‍ത്തുന്നു. ഇന്‍ശാഅല്ലാഹ്, തെറ്റുകള്‍ തിരുത്തുന്നതിലും, ആവശ്യമെങ്കില്‍ തിരുത്തിയത് പരസ്യപ്പെടുത്തുന്നതിലും യാതൊരു വൈമനസ്യവുമുണ്ടാവില്ല. സൈറ്റിലെ പ്രഭാഷണങ്ങള്‍ പഠനത്തിനും ദഅ്‍വത്തിനുമായി കോപ്പിയെടുക്കാനും, വിതരണം ചെയ്യാനും എല്ലാവര്‍ക്കും അനുവാദമുണ്ട്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തോ, വന്ന അബദ്ധം മറച്ചുവെച്ചോ മറ്റോ ബോധപൂര്‍വ്വം അവ്യക്തത സൃഷ്ടിക്കുന്നവര്‍ ‘കഠിനമായി ശിക്ഷിക്കുന്ന അല്ലാഹുവിനെ ഭയക്കുക’ എന്ന് ഓര്‍മ്മിപ്പിക്കുന്നു.
‘തീര്‍ച്ചയായും ഈ വിജ്ഞാനം മതമാകുന്നു, അതുകൊണ്ട് നിങ്ങളുടെ മതം ആരില്‍ നിന്ന് സ്വീകരിക്കുന്നു എന്ന് നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുക..!’
– (ഇമാം മുഹമ്മദ് ബിന്‍ സിരീന്‍ റഹിമഹുല്ലാഹ്)