‘ഇയ്യാക്ക നഅ്‍ബുദു വ ഇയ്യാക്ക നസ്തഈന്‍ ‘ [‫إياك نعبد وإياك نستعين‬‎]- അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

നിത്യവും നിരന്തരം നാം പാരായണം ചെയ്തു കൊണ്ടിരിക്കുന്ന സൂറത്താണ് ഖുര്‍ആനിലെ ആദ്യ അദ്ധ്യായമായ സൂറ. ഫാത്തിഹ. ഖുര്‍ആനിലെ 144 അദ്ധ്യായങ്ങളില്‍ ഏറ്റവും മഹത്തരമായ അദ്ധ്യായം ഇതാണെന്ന് നബി -സല്ലല്ലാഹു അലൈഹി വ സല്ലം- പലകുറി അറിയിച്ചിട്ടുണ്ട്. കേവല വാക്കുകള്‍ക്കപ്പുറത്ത് ഈ സൂറത്ത് ഉള്‍ക്കൊണ്ടിരിക്കുന്ന മഹത്തരമായ ആശയപ്രപഞ്ചം തന്നെയാണ് ഇതിന്‍റെ അപാരമായ മഹത്വത്തിന്  പിന്നിലെ കാരണങ്ങളില്‍  ഒന്ന്‍.
സൂറത്തുല്‍ ഫാതിഹയുടെ വിശദീകരണത്തിന് മാത്രമായി അനേകം പണ്ഡിതന്മാര്‍ വലിയ ഗ്രന്ഥങ്ങള്‍ വരെ രചിച്ചിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിമിന്‍റെയും ഗ്രന്ഥങ്ങളില്‍ ഈ സൂറത്തിന്‍റെ വിശദീകരണം വിവിധ സ്ഥലങ്ങളിലായി ധാരാളം ചിതറിക്കിടക്കുന്നു.
ഇബ്നുല്‍ ഖയ്യിമിന്‍റെ ‘മദാരിജുസ്സാലികീന്‍ ബയ്ന മനാസിലി ഇയ്യാക നഅബുദു വ ഇയ്യാക്ക നസ്തഈന്‍ എന്ന മനോഹര ഗ്രന്ഥം ഈ ലക്ഷ്യത്തില്‍ എഴുതപ്പെട്ടതാണ്.
ആധുനിക പണ്ഡിതന്മാരില്‍ പലര്‍ക്കും ഈ വിഷയത്തില്‍ ചെറു ഗ്രന്ഥങ്ങളും ദര്‍സുകളും മറ്റും ഉണ്ട്. ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ് രചിച്ച ചെറുഗ്രന്ഥവും, ശൈഖ് അബ്ദുല്‍ റസാഖ് അല്‍ ബദര്‍ രചിച്ച പുസ്തകവും, അദ്ദേഹത്തിന്‍റെ തന്നെ മനോഹരമായ ചില ദര്‍സുകളുടെ സമാഹാരവുമെല്ലാം ഈ വിഷയത്തില്‍ കണ്ടെത്താവുന്ന -അറബിയില്‍ പ്രാഥമിക വിജ്ഞാനമുള്ളവര്‍ക്ക് പോലും മനസ്സിലാക്കാവുന്നത്ര ലളിതമായ- ചില പഠന സ്രോതസ്സുകളാണ്.
സൂറതുല്‍ ഫാതിഹയുടെ മദ്ധ്യത്തിലുള്ള ആയത്താണ്  ‘ഇയ്യാക നഅ്‍ബുദു വ ഇയ്യാക നസ്തഈന്‍‘ എന്ന മഹത്തരമായ ആയത്ത്. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ;  “തൌറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നീ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഖുര്‍ആനില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിലെ ഖണ്ഡിതമായ -മുഹ്കമായ- ആയത്തുകളെല്ലാം സൂറതുല്‍ ഫാതിഹയില്‍ ചുരുക്കി പറഞ്ഞിരിക്കുന്നു. ഫാതിഹയാകട്ടെ, അതിന്‍റെ മദ്ധ്യത്തിലുള്ള ആയത്തിലും ചുരുക്കപ്പെട്ടിരിക്കുന്നു.”